അടുത്ത കാലത്ത് വളരെ കുറഞ്ഞ സമയം കൊണ്ട് സമാധാനം കൈവരിക്കാനുള്ള ഉപാദിയായിട്ടുള്ള ഒരു പ്രചരണം മൈന്‍ഡ്ഫുള്‍നസ് കൗണ്‍സിലിംങ് നല്‍കിവരുന്നുണ്ട്. ഒന്നു മനസ്സിലാക്കുക, കാര്യങ്ങള്‍ നിങ്ങളുടെ കൈകളില്‍ തന്നെയാണ്. ജീവിതത്തെ കൂടുതല്‍ പ്രസാദാത്മകമാക്കുന്നതിനാണ് ഈ കൗണ്സിലിംങില് ഊന്നല്‍ കൊടുക്കുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നു നിന്നാണ് ഇതു സാധ്യമാക്കുന്നതും. യാതൊരുവിധ എളുപ്പവഴിയായി ഇതിനെ കാണരുത്.
ചിന്തിച്ചിട്ടുണ്ടോ, ശ്രദ്ധയും ഏകാഗ്രതയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച്; ഏകാഗ്രത ഒരു പരിശീലനമാണെങ്കില്‍ ശ്രദ്ധ സ്വാഭാവികമായി വന്നുഭവിക്കേണ്ട ബോധാവസ്ഥയാണ്. നാം ഒരു വിഷയത്തിലേക്ക് ഏകാഗ്രമാകുമ്പോള്‍ മറ്റു പലതിനെയും അറിയുന്നില്ല. അതുകൊണ്ടുതന്നെ അത് ഭാഗീകമാണ്. എന്നാല്‍ ശ്രദ്ധ നമ്മില്‍ സംഭവിക്കുമ്പോള്‍ അവിടെ മറഞ്ഞിരിക്കുന്നതുപോലും തെളിഞ്ഞേക്കാം.
അറ്റന്‍ഷനും അവയര്നെസും എന്നതിന്റെ മലയാള പദങ്ങളാണ് ഏകാഗ്രതയും ശ്രദ്ധയും. അറ്റന്‍ഷനില്‍ ഒരു ടെന്‍ഷനുണ്ട്. അവയര്‍നെസ് ഒരു അനായാസതയാണ്. ഒന്ന് ബുദ്ധിയുടെ ഏര്‍പ്പാടാണെങ്കില്‍ മറ്റേത് സ്നേഹത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ്. രണ്ടും ജീവിതത്തിന് ആവശ്യമാണ്. എന്നാല്‍ ശ്രദ്ധയില്‍ നിന്ന് ഏകാഗ്രത സംഭവിച്ചാല്‍ അതിനു മാധുര്യമേറും. അത് കുറച്ചുകൂടി അനായാസമാകുന്നു.
ڇനിങ്ങള്‍ സജീവരായിരിക്കുമ്പോള്‍ ജീവിതത്തിന്റെ സത്തയിലേക് ഒഴുകുക. എന്തെന്നാല്‍ വീണ്ടും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ള അതിഥിയല്ല ജീവിതംڈ കബീര്‍ദാസിന്റെ പ്രസിദ്ധമായ വചനം. ജീവിതമെന്നത് അനുഗ്യഹീതമായ ഒരു സാദ്ധ്യതയാണ് അതിന്റെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് ബോധമണ്ഡലത്തെ ബോധ്യപ്പെടുത്തണം. എങ്കില്‍ സ്വാഭാവികമായി ജീവിതത്തെ ആര്‍ക്കും സ്നേഹിക്കാതിരിക്കാനാവില്ല. ഇവിടെ സ്നേഹത്തെ കുറിച്ചല്ല പറഞ്ഞുവരുന്നത്. ജീവിതത്തോടുള്ള സ്നേഹത്തെക്കുറിച്ചാണ്. ജീവിതത്തെ സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നമ്മളിലെ ശ്രദ്ധ എല്ലാറ്റിലേക്കും വരികയുള്ളു. ഈ ശ്രദ്ധയെയാണ് നേരത്തെ സൂചിപ്പിച്ച അവയര്‍നെസ് എന്നു വിശേഷിപ്പിച്ചത്. മൈന്ഡ്ഫുള്നെസ് എന്നു പറയുന്നതും അതുതന്നെ. മനുഷ്യമനസ്സ് മുഴുവനായി ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന അവസ്ഥ. ഇവിടെ ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലുമുള്ള ശ്രദ്ധയാണ് മുഖ്യം.
ശരീരവും മനസ്സും ബുദ്ധിയും അതാതിന്റെ വഴിക്ക് സഞ്ചരിക്കുമ്പോള്‍ അവയ്ക്കിടയില്‍ ഒരു പാരസ്പര്യമുണ്ടാവുക എന്നത് പ്രധാനമാണ്. ആ വ്യവസ്ഥയാണ് മൈന്ഡ്ഫുള്നെസില് സംഭവിക്കുന്നത്. മൈന്‍ഡ്ഫുള്‍നസ് എന്ന ആശയം ഒരു യാത്രയ്ക്ക് തുല്ല്യമാണ്. യാത്ര എന്നുവെച്ചാല്‍ നാം ബോധപൂര്‍വ്വം ഇരിക്കാനും, ശ്രദ്ധിക്കാനും, ചിന്തിക്കാനും, കിടക്കുവാനും, പഠിക്കുവാനും നിരീക്ഷിക്കാനും, നടക്കാനും പോകുന്നുവെന്ന് ചുരുക്കം. മൈന്ഡ്ഫുള്നസിനെ ക്കുറിച്ച് ഇന്ന് സമൂഹത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണകളും നിലവിലുണ്ട്. മുന്‍വിധികള്‍ ഒന്നും ഇല്ലാതെ നമ്മുടെ പൂര്‍ണ്ണശ്രദ്ധ വര്‍ത്തമാനകാല നിമിഷത്തില്‍ - അത് ഒരു കാഴ്ച്ചയോ, വസ്തുവോ, രുചിയോ, ഗന്ധമോ, ശബ്ദമോ ഏതുതരം ശാരീരിക മാനസിക പ്രക്രിയയാകട്ടെ - നേടിയെടുക്കുന്ന ബോധം എന്നതാണ്. റാഷണല്‍ ഇമോട്ടീവ് തെറാപ്പി, റിയാലിറ്റി തെറാപ്പി, ലോഗൊ തെറാപ്പി എന്നിവയുടെയെല്ലാം ചില പ്രവര്‍ത്തനങ്ങള്‍ മൈന്ഡ്ഫുള്നെസ്സില് കാണപ്പെടുന്നതാണ്. വളരെ എളുപ്പം ചെയ്യുവാന്‍ കഴിയുന്ന ഈചികിത്സാരീതി അടുത്തകാലത്തായി പ്രചാരംനേടിവരുന്നു. ശക്തമായ മാനസികരോഗങ്ങള്‍ക്കും ന്യൂറോസിസ് വിഭാഗത്തില്‍ പെട്ട അസുഖങ്ങള്‍ക്ക് ഈചികിത്സ ഉപയോഗപ്രദമല്ല.
© Copyright 2020. All Rights Reserved.